പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവ്; തീരുമാനം മാറ്റില്ലെന്ന് എം.വി. ഗോവിന്ദൻ

 

നിയമസഭയിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെ തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ പാർട്ടി വ്യക്തമായ തീരുമാനം എടുത്തതാണെന്നും ഇനി ഒരു തരത്തിലുള്ള പുനഃപരിശോധനയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ചില ജില്ലാ കമ്മിറ്റികളിൽ നിന്ന് വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.

സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് പിണറായി വിജയന്റെ പേര് ഏകകണ്ഠമായി തീരുമാനിച്ചതെന്നും, ഈ തീരുമാനത്തിന് കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഡൽഹിയിൽ നാളെ ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെയുള്ള വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു. പാർട്ടിക്കുള്ളിൽ പ്രതിപക്ഷ നേതാവിനെ മാറ്റുക എന്ന തരത്തിലുള്ള ചർച്ചകൾ ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന പിണറായി വിജയന് നിയമസഭാ മന്ദിരത്തിൽ പുതിയ ഓഫീസ് മുറിയും അനുവദിച്ചു. മുൻ പ്രതിപക്ഷ നേതാവ് ഉപയോഗിച്ചിരുന്ന ഓഫീസ് തന്നെയാണ് അദ്ദേഹത്തിനും നൽകിയിരിക്കുന്നത്. ഓഫീസിന് പുറത്ത് 'പ്രതിപക്ഷ നേതാവ്' എന്ന ഔദ്യോഗിക ബോർഡും സ്ഥാപിച്ചു.