ആസൂത്രണ ബോർഡ് നിയമന വിവാദം; പരീക്ഷാ രേഖകൾ 7 ദിവസത്തിനകം പുറത്തുവിടാൻ ഉത്തരവ്
ആസൂത്രണ ബോർഡിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ ഏഴ് ദിവസത്തിനകം പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ ഉദ്യോഗാർഥികൾക്ക് എല്ലാ രേഖകളും കൈമാറാനാണ് നിർദേശം.
ഉത്തരക്കടലാസുകൾ, അഭിമുഖത്തിൽ ലഭിച്ച മാർക്ക്, പരീക്ഷയെഴുതിയ മുഴുവൻ ഉദ്യോഗാർഥികളുടെയും മാർക്ക് പട്ടിക, ചോദ്യപേപ്പറിന്റെ പകർപ്പ് എന്നിവ നൽകണമെന്നാണ് ഉത്തരവ്. വിവരാവകാശ അപേക്ഷ നൽകിയിട്ടും രേഖകൾ നൽകാൻ കേരള പി.എസ്.സി തയ്യാറാകാതിരുന്നതിനെ തുടർന്നാണ് കമ്മീഷന്റെ ഇടപെടൽ.
പി.എസ്.സിയുടെ എതിർപ്പ് മറികടന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ പരീക്ഷാ നടപടികളിൽ കൂടുതൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോയെന്നതും വ്യക്തമാകുമെന്നാണ് വിലയിരുത്തൽ.
ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്കുള്ള പരീക്ഷയുമായി ബന്ധപ്പെട്ട രേഖകളാണ് പുറത്തുവിടേണ്ടത്. ഈ പരീക്ഷയിൽ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെയാണ് റാങ്ക് പട്ടിക തയ്യാറാക്കിയതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.