ആസൂത്രണ ബോർഡ് നിയമന തട്ടിപ്പ്;എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈം ബ്രാഞ്ച്
പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐജി അജീതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പി എസ് സിയിലെ ഉദ്യോഗസ്ഥരെ പ്രതികളാക്കിക്കൊണ്ടാണ് എഫ്ഐആർ. ആരുടെയുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല.ആസൂത്രബോർഡിലെ പരീക്ഷ ക്രമകേടിലാണ് ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് വരും ദിവസങ്ങളിൽ എസ്ഐടി കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ പിഎസ്‌സി ആസ്ഥാനത്തെത്തിയ അന്വേഷണസംഘം രേഖകൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഒന്നേകാൽ ലക്ഷം രൂപ അടിസ്‌ഥാന ശമ്പളമുള്ള സംസ്‌ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ 54 മാർക്കിൻ്റെ 10 ചോദ്യങ്ങൾ എന്തുകൊണ്ടാണ് മൂല്യനിർണയം നടത്താത്തതെന്ന കാര്യമാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിച്ചത്. പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട് കെ.ശ്യാം കൃഷ്‌ണൻ എന്ന ഉദ്യോഗാർഥി നൽകിയ പരാതിയാണ് അന്വേഷണത്തിലേക്കു നയിച്ചത്. ശ്യാം കൃഷ്ണനു രേഖകൾ കൈമാറാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടെങ്കിലും പിഎസ്‌സി വഴങ്ങിയിരുന്നില്ല. ഇതിനു പിന്നാലെയാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് എസ്ഐടിയെ ചുമതലപ്പെടുത്തിയത്.