പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

 

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ചു തേവർ (62) ആണ് മരിച്ചത്. തലക്കുളം എസ്റ്റേറ്റിലായിരുന്നു സംഭവം.

പ്രദേശത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായി ആർ.ആർ.ടി. മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കനത്ത മൂടൽമഞ്ഞും മഴയും കാരണം കാട്ടാനക്കൂട്ടം പ്രദേശത്തുണ്ടെന്ന വിവരം ഒച്ചു തേവർ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. രാവിലെ തോട്ടം ജോലിക്കായി എത്തിയതായിരുന്നു ഇയാൾ.

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് ഒച്ചു തേവറിനെ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ പ്രതിഷേധവുമായി തൊഴിലാളികളും നാട്ടുകാരും രംഗത്തെത്തി. പ്രദേശത്ത് കാട്ടാനശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.