പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

 

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ്‌റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ 'www.hscap.kerala.gov.in' 2 'Candidate Login-SWS' 'Second Allot Results' ലിങ്കിലൂടെ ലഭിക്കും. ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. പ്രവേശനം ജൂൺ 23ന് വൈകിട്ട് അഞ്ചുമണിവരെ നടക്കും.

ഒന്നാം ഓപ്ഷൻ ലഭിച്ചവർ സ്ഥിര പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷൻ ലഭിച്ചവർക്ക് ഇഷ്ടാനുസരണം സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. ഒന്നാം അലോട്‌മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്‌മെന്റിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചിട്ടില്ലെങ്കിൽ പ്രവേശനത്തിന് പുതിയ അലോട്‌മെന്റ് ലെറ്റർ ആവശ്യമില്ല. അലോട്‌മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടയ്‌ക്കേണ്ടതുള്ളു. താഴ്ന്ന ഓപ്ഷനിൽ അലോട്‌മെന്റ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.

അലോട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്നവരെ തുടർന്നുള്ള അലോട്‌മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. വിവിധ ക്വോട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർഥികൾ അനുയോജ്യമായ ക്വോട്ടയിലെ പ്രവേശനം തിരഞ്ഞെടുക്കണം. പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ഒരു ക്വോട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വോട്ടയിലേക്ക് മാറ്റം അനുവദിക്കില്ല.

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്‌മെന്റിനുശേഷം സപ്ലിമെന്ററി അലോട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ അലോട്‌മെന്റ് ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്‌മെന്റിന് പരിഗണിക്കാത്തവർക്കും അലോട്‌മെന്റ് ലഭിച്ച ശേഷം പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷ പുതുക്കിനൽകാം.