പിഎം ശ്രീ വിവാദം: സിപിഎം-സിപിഐ ബന്ധം പ്രതിസന്ധിയിൽ; മന്ത്രിസഭാ യോഗത്തിലും എൽഡിഎഫ് യോഗത്തിലും സിപിഐ വിട്ടുനിൽക്കും

 

പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള തർക്കം സിപിഎം സിപിഐ ബന്ധം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് .പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള സർക്കാർ ശ്രമം പാളി. CPI മന്ത്രിമാർ കാബിനറ്റ് യോഗത്തിൽ നിന്ന് വിട്ട് നിൽക്കും. മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ല.

സിപിഐയെ അനുനയിപ്പിക്കുന്നതിനായി ആലപ്പുഴയിൽ മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടന്ന കൂടിക്കാഴ്ചയിൽ സമവായത്തിൽ എത്താത്തതിനെ തുടർന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയം തള്ളികൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്.

തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ലെന്ന് ചർച്ചയ്ക്ക് ശേഷം ബിനോയ് വിശ്വം പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനവുമായി ആലപ്പുഴയിൽ നടന്ന ചർച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള നിർണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്.