പോക്‌സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു; സംഭവം നെടുമങ്ങാട്
Jul 31, 2026, 18:44 IST
കോടതി റിമാൻഡ് ചെയ്തതിന് പിന്നാലെ പോക്‌സോ കേസ് പ്രതി ഓടി രക്ഷപ്പെട്ടു. നെടുമങ്ങാട് ഹരിശിപ്പറമ്പ് സ്വദേശി നിതിൻ രാജ് (31) ആണ് നെടുമങ്ങാട് പോക്‌സോ കോടതി വളപ്പിൽ നിന്ന് കടന്നുകളഞ്ഞത്.
2022-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ നാലാം പ്രതിയായ ഇയാൾ ഇന്ന് അഭിഭാഷകനൊപ്പമാണ് കോടതിയിൽ ഹാജരായത്. ഇയാളെ റിമാൻഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ പ്രതി ഓടിപ്പോവുകയായിരുന്നു. കേസിൽ രണ്ട് പ്രതികൾ നിലവിൽ ജയിലിലാണ്. ഇയാൾക്കായി പോലീസിന്റെ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.