പോലീസിന് ആരെയും തല്ലാനുള്ള അനുമതിയില്ല; താനൂരിലെ കസ്റ്റഡി മരണത്തിൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി

 
താനൂർ കസ്റ്റഡി മരണത്തിൽ കൃത്യവും സുതാര്യവുമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇവരോട് യാതൊരു ദാക്ഷിണ്യവും കാണിക്കുന്നില്ല. ലോക്കപ്പ് ആരെയും തല്ലാനുള്ള സംവിധാനമല്ല. പോലീസിന് ആരെയും തല്ലാനുള്ള അനുമതിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താനൂരിലെ താമിർ ജിഫ്രിയുടെ മരണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
"താമിർ ജിഫ്രി കസ്റ്റഡിയിൽ മരണപ്പെട്ടതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത പ്രത്യേക കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്. ഒരു രീതിയിലുമുള്ള ബലപ്രയോഗമോ മർദ്ദനമോ പോലീസ് സ്റ്റേഷനുകളിൽ സർക്കാർ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട് എട്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കൊള്ളരുതായ്‌മ കാണിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും" മുഖ്യമന്ത്രി വ്യക്തമാക്കി.
2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നതിന് മുൻപ് സംഭവിച്ച കസ്റ്റഡി മരണങ്ങളും മുഖ്യമന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി. 2015 ൽ മാത്രം 13 കസ്റ്റഡി മരണങ്ങളാണ് സംഭവിച്ചത്. അന്ന് ഒരു കേസിൽ ശാസനയും, 2012 ൽ ഉണ്ടായ സംഭവത്തിൽ അച്ചടക്ക നടപടിയും മാത്രമാണ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ സർക്കാർ കർശന നടപടി സ്വീകരിക്കും. എസ്പിയ്ക്ക് എതിരായ ആരോപണം സിബിഐയും സർക്കാരും പരിശോധിക്കും. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ, കസ്റ്റഡി മരണത്തിൽ മറുപടി നൽകുമ്പോഴും മുഖ്യമന്ത്രി പോലീസിനെ പുകഴ്ത്തുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. വയനാട്ടില്‍ മാവോയിസ്റ്റുകളെന്ന പേരില്‍ ആളുകളെ വെടിവച്ച് കൊന്നിട്ടില്ലേയെന്നും, കേരളത്തില്‍ മറ്റ് വ്യാജ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു. വേണ്ടപ്പെട്ടവരുടെ പേരിലുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ സർക്കാരോ പോലീസോ കേസെടുക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപാപചയ സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്, അല്ലാതെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയല്ലെന്നും സതീശൻ പരിഹസിച്ചു. 
വിഷയത്തിൽ എൻ. ഷംസുദ്ദീൻ ആണ് നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. ഒരു കാലത്തും കേരളാ പൊലീസ് ഇതുപോലെ ക്രിമിനൽവത്കരിക്കപ്പെട്ടിട്ടില്ല. പൊലീസ് അതിക്രമങ്ങൾ തുടർക്കഥയാവുകയാണ്. താമിർ ജിഫ്രിയുടേത് കസ്റ്റഡി മരണമാണ്. പൊലീസ് ക്വാട്ടേഴ്‌സിലെ കട്ടിലിൽ രക്തക്കറ കണ്ടു. താമിറിന്റെ അറസ്റ്റ് മലപ്പുറം എസ്.പിയുടെ തിരക്കഥയാണെന്നും ഷംസുദ്ദീൻ ആരോപിച്ചു. അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.