'ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല'; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

 

കൊച്ചിയിലെ ഡി.ജെ പാര്‍ട്ടികള്‍ക്കുള്ള നിയന്ത്രണത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ തിരിച്ചടി. കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ ഡി.ജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, ബാർ ഹോട്ടലുകൾക്ക് പൊലീസ് നല്‍കിയ നോട്ടീസ് റദ്ദാക്കി.

ലൈസന്‍സുള്ള ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എഫ്.എൽ-3 ലൈസന്‍സ് പ്രകാരം പുലര്‍ച്ചെ മൂന്ന് മണിവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള ബാറുകൾക്ക് ആ സമയത്തിനുള്ളിൽ പ്രവർത്തിക്കാൻ പൂർണ അവകാശമുണ്ട്. 12 മണി വരെ മാത്രമേ ബാറുകൾ പ്രവർത്തിക്കാവൂ എന്ന് വ്യക്തമാക്കി റാഡിസൺ ബ്ലൂ ഹോട്ടലിന് പൊലീസ് നൽകിയ നോട്ടീസാണ് കോടതി തള്ളിയത്.

ഡി.ജെ പാര്‍ട്ടികളുടെ മറവില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നുണ്ടെന്നുമുള്ള പൊലീസിന്റെ വാദം തള്ളിയ കോടതി, ഇത്തരം നിയന്ത്രണങ്ങൾക്ക് നിയമപരമായ മാനദണ്ഡം വേണമെന്ന് വ്യക്തമാക്കി. സമയക്രമത്തിൽ മാറ്റം വരുത്തണമെങ്കിൽ സർക്കാർ പുതിയ നിയമമോ ചട്ടമോ കൊണ്ടുവരണമെന്നും, ശബ്ദമലിനീകരണമുണ്ടായാൽ മാത്രം പൊലീസിന് ഇടപെടാമെന്നും ഹൈക്കോടതി അറിയിച്ചു.