പിണറായി വിജയന്റെ വീടിന് മുന്നിലെ 24 മണിക്കൂർ പൊലീസ് കാവൽ അവസാനിപ്പിക്കുന്നു

 

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പാണ്ഡ്യാമുക്കിലെ വീടിന് മുന്നിലെ 24 മണിക്കൂർ പൊലീസ് കാവൽ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇനി മുതൽ പിണറായി വിജയൻ വീട്ടിലുണ്ടാകുമ്പോൾ മാത്രം പൊലീസ് കാവൽ ഏർപ്പെടുത്തും. ഒരു എസ്ഐയും രണ്ട് പൊലീസുകാരുമാകും സുരക്ഷാ ഡ്യൂട്ടിയിലുണ്ടാകുക.

നിലവിൽ കണ്ണൂർ എആർ ക്യാമ്പിലെ രണ്ട് എസ്ഐമാരും ആറ് സിവിൽ പൊലീസ് ഓഫീസർമാരുമാണ് വിവിധ ഷിഫ്റ്റുകളിലായി വീടിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. നേരത്തെ വീടിന് മുന്നിൽ ഉണ്ടായിരുന്ന പൊലീസ് ജീപ്പ് ഈ മാസം ഒന്നിന് മാറ്റിയിരുന്നു. ജീപ്പ് മാറ്റിയെങ്കിലും പൊലീസ് കാവൽ തുടരുകയായിരുന്നു.വീടിന് മുന്നിൽ പൊലീസ് ജീപ്പ് സ്ഥിരമായി നിർത്തിയിരുന്നത് മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിനെതിരെ പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു.

തന്റെ വീടിന് മുന്നിൽ ഒരിക്കലും പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിട്ടില്ലെന്നും  സാധാരണ നടപടിക്രമം എന്ന നിലയില്‍ ഒരു പൊലീസ് വാഹനത്തില്‍ പൊലീസുകാര്‍ വന്നുപോയിരുന്നു. പിന്നീട് ആ വാഹനം ഗതാഗതയോഗ്യമല്ലാതെ അവിടെ കിടന്നു എന്നാണ് മനസിലാക്കിയിട്ടുള്ളത്. അവിടെ നിന്ന് മാറ്റി വാഹനം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കും എന്നാണ് അന്ന് പൊലീസ് പറഞ്ഞത്. അധികാരമൊഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും വാഹനം മാറ്റിയിട്ടില്ല. അതിന് കാരണം പൊലീസാണ് വിശദീകരിക്കേണ്ടത്. തന്റെ വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു