നടൻ ടിനി ടോമിനെതിരെ പോലീസ് കേസെടുത്തു

 

അൻസിബ ഹസൻ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ പോലീസ് കേസെടുത്തു. മജിസ്‌ട്രേറ്റ് കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് പോലീസ് ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന നടി അന്‍സിബ ഹസന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്

ജൂണ്‍ ഒന്നിനാണ് അന്‍സിബ ടിനിക്കെതിരെ അൻസിബ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. എന്നാൽ മതിയായ തെളിവുകളില്ലെന്നും പരാതി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നുമുള്ള നിലപാട് സ്വീകരിച്ച് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് അൻസിബ കോടതിയെ സമീപിച്ചത്. ‘ജിഹാദി’ ഉൾപ്പെടെയുള്ള പരാമർശങ്ങൾ തമാശയുടെ ഭാഗമായിരുന്നുവെന്ന പൊലീസ് റിപ്പോർട്ടിലെ വാദം കോടതി തള്ളി. ഇത്തരം പരാമർശങ്ങളെ നിസാരമായി കാണാനാകില്ലെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

പരാതിയുടെ അടിസ്ഥാനത്തില്‍ കടവന്ത്ര പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നടിമാരായ ശ്വേതാ മേനോന്‍, നീന കുറുപ്പ്, ടിനി ടോം എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന പരാമര്‍ശം അന്‍സിബയെ ഉദ്ദേശിച്ചുള്ളതല്ലെന്നും പൊതുവായ ഒന്നാണെന്നുമായിരുന്നു ശ്വേത മേനോന്‍ നല്‍കിയ മൊഴി. താന്‍ അത്തരം വാക്കുകള്‍ പ്രയോഗിച്ചിട്ടില്ലെന്നായിരുന്നു ടിനി ടോമിന്റെ മൊഴി.ചില കാര്യങ്ങള്‍ കേട്ടതായായിരുന്നു നീന കുറുപ്പ് പറഞ്ഞത്. എന്നാല്‍ അതിന് കൃത്യമായ തെളിവുകളോ സമയമോ വ്യക്തമാക്കാന്‍ നീന കുറുപ്പിന് കഴിഞ്ഞില്ലെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.