പൊലീസുകാർ വീടും വസ്തുവും വാങ്ങുന്നതിനു മുൻപ് സർക്കാരിന്റെ അനുമതി നേടിയിരിക്കണം; ഡിജിപിയുടെ ഉത്തരവ്

 

പൊലീസുദ്യോഗസ്ഥർ വസ്തുവും വീടും സ്വന്തമാക്കുന്നതിന് മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ നിർബന്ധമാക്കി ഡി ജി പി ഷേഖ് ദർവേഷ് സാഹേബ് ഉത്തരവിറക്കി. കേരളാ ഗവ. സെർവന്റ്സ് കോൺഡക്ട് റൂളിന്റെ 24, 25 വകുപ്പുകളനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥർ സ്ഥാവര ജംഗമ വസ്തുക്കൾ വാങ്ങുന്നതിന് മുമ്പ് അനുമതി തേടണം. എന്നാൽ, ഇത് സർക്കാർ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും പാലിക്കുന്നില്ല. 

അനുമതിയില്ലാതെ ഭൂമി വാങ്ങിയ ശേഷം അത് സാധൂകരിച്ച് നൽകാൻ പൊലീസ് ആസ്ഥാനത്തേക്ക് കത്തയയ്ക്കുന്നത് ശ്രദ്ധിൽപ്പെട്ടതോടെ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ യൂണിറ്റ് മേധാവിമാർക്ക് ഡി ജി പി നിർദേശം നൽകുകയായിരുന്നു. സ്ഥാവര ജംഗമ വസ്തുക്കൾ സ്വന്തമാക്കുന്നതിന് മുമ്പ് പൊലീസുകാർ ബന്ധപ്പെട്ട രേഖകൾ സഹിതം പൊലീസ് ആസ്ഥാനത്ത് അപേക്ഷ നൽകണം. ഇതിന് ശേഷമായിരിക്കും അനുമതി കിട്ടുക.