പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയിൽ ആരോപണവുമായി കുടുംബം
കഴക്കൂട്ടത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യക്ക് കാരണം മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് കുടുംബം. ആറ് കോടിയുടെ ബില്ലിൽ ഒപ്പിടാത്തതിന്റെ പേരിൽ സമ്മർദമുണ്ടായെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ജയ്സന്റെ മാതാവ് പറഞ്ഞു. ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിലേക്ക് സാധനങ്ങൾ വാങ്ങിയ ബില്ലിൽ മകൻ ഒപ്പിട്ടിരുന്നില്ല. ബില്ലിൽ പ്രശ്‌നങ്ങളുണ്ടെന്നും ഒപ്പിട്ടാൽ കുടുങ്ങുമെന്നും മകൻ പറഞ്ഞതായും ജയ്സണിന്റെ അമ്മ ജമ്മ അലക്‌സാണ്ടർ പറഞ്ഞു.
ഇന്ന് രാവിലെയാണ് ടെലി കമ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജയ്‌സൺ അലക്‌സിനെ ജീവനൊടുക്കിയ നിലയിൽ കണ്ടത്.അധ്യാപികയായ ഭാര്യയും മക്കളും സ്‌കൂളിൽ പോയ സമയത്തായിരുന്നു സംഭവം. രാവിലെ തിരുവനന്തപുരത്തുള്ള ടെലികമ്യൂണിക്കേഷൻ ഓഫിസിൽ എത്തിയ ജെയ്സൺ ഡ്യൂട്ടിക്കിടയിൽ 9 മണിയോട് സഹപ്രവർത്തകരോട് ഒന്നും പറയാതെ ബൈക്കുമെടുത്ത് പോകുകയായിരുന്നു.
ജെയ്‌സന്റേത് ആത്മഹത്യയെന്ന് തന്നെയാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.