ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസില്‍ പൊലീസിന് തിരിച്ചടി; ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

 

പ്രമുഖ ചലച്ചിത്ര നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ അന്വേഷണസംഘത്തിന് തിരിച്ചടിയായി ഫോറൻസിക് പരിശോധനാ ഫലം. ഷൈൻ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്താൻ പരിശോധനയിലൂടെ സാധിച്ചില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ കേസ് നിയമപരമായി നിലനിൽക്കുമോ എന്ന കാര്യത്തിൽ പോലീസ് നിയമോപദേശം തേടാൻ തീരുമാനിച്ചു.

കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന സംഭവങ്ങളെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹോട്ടൽ മുറിയിൽ ഷൈനും സുഹൃത്ത് അഹമ്മദ് മുർഷാദും ലഹരി ഉപയോഗിച്ചുവെന്നായിരുന്നു പോലീസിന്റെ ആരോപണം. ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് (DANSAF) പരിശോധനയ്‌ക്കെത്തിയപ്പോൾ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഓടിപ്പോകാൻ ശ്രമിച്ചത് അന്ന് വലിയ വിവാദമായിരുന്നു.

കൊച്ചി നോർത്ത് പോലീസാണ് ഷൈൻ ടോം ചാക്കോയെയും സുഹൃത്തിനെയും പ്രതികളാക്കി കേസ് എടുത്തത്. താൻ മുൻപ് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് ഷൈൻ പോലീസിന് മൊഴി നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ശാസ്ത്രീയ പരിശോധനാ ഫലം പോലീസിന് അനുകൂലമല്ലാത്ത സാഹചര്യത്തിൽ, തുടർനടപടികൾ എങ്ങനെ വേണമെന്നതിൽ അന്തിമ തീരുമാനം നിയമോപദേശത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.