പോലീസ് അക്കാദമിയിൽ പരിശീലനത്തിനിടെ ഗർഭം, ഒടുവിൽ അബോർഷൻ; ട്രെയിനികൾക്കെതിരെ കടുത്ത നടപടിക്ക് നീക്കമെന്ന് വിവരം

 

തൃശൂർ പോലീസ് അക്കാദമിയിൽ പരിശീലനത്തിരിക്കുന്ന ട്രെയിനികളിലൊരാൾ ഗർഭിണിയായി. ഒപ്പം പരിശീലനത്തിലുള്ള ട്രെയിനികളിലൊരാളാണ് ഉത്തരവാദിയെന്നും കണ്ടെത്തി. ഇവർ അനധികൃതമായി അവധിയെടുത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് വിവരം പുറത്തറിഞ്ഞത്. ഇരുവരെയും പരിശീലനത്തിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തി. അന്വേഷണം പൂർത്തിയാകുമ്പോൾ പിരിച്ചുവിടാനാണ് സാധ്യത.

പോലീസ് അക്കാദമിയിൽ പരിശീലനത്തിന് എത്തിയ ശേഷമുണ്ടായ പ്രണയബന്ധമാണ് ഇതുവരെയെത്തിയത്. ഇരുവരും വിവാഹം ചെയ്ത് വേവ്വേറെ കുടുംബങ്ങൾ ഉള്ളവരാണ്. പരിശീലനത്തിൽ നിന്ന് മുങ്ങിയതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് അബോർഷൻ നടത്തിയതായി കണ്ടെത്തിയത്. തൃശൂർ പരിസരത്തെ ഒരു സ്വകാര്യ ആശൂപത്രിയിലാണ് ഇത് ചെയ്തത്. ഇവിടെ നിന്ന് വിവരം ശേഖരിച്ച് സ്ഥിരീകരിച്ചതോടെയാണ് ഇരുവരെയും മാറ്റിനിർത്താൻ തീരുമാനിച്ചത്.

അടുത്ത ബാച്ചിനൊപ്പം പരിശീലനം തുടരാവുന്ന തരത്തിൽ താൽക്കാലികമായാണ് ഇരുവരെയും മാറ്റിനിർത്തിയിരിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നത് വരെയുള്ള സാങ്കേതികതയുടെ ഭാഗമായി മാത്രമാണിത്. വിഷയം ഗൗരവമാണെന്ന് കണക്കാക്കി സർവീസിൽ തുടരാൻ അനുവദിച്ചുകൂടാ എന്ന തരത്തിലാണ് ഉന്നതതലത്തിൽ അഭിപ്രായം ഉണ്ടായിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും കുടുംബാംഗങ്ങളിൽ നിന്നും മൊഴിയെടുക്കും.

അതേസമയം വിഷയം തീർത്തും വ്യക്തിപരമാണെന്നും കടുത്ത നടപടി പാടില്ലെന്നും പോലീസിൽ അഭിപ്രായമുണ്ട്. പോലീസ് ട്രെയിനികൾ എന്ന തരത്തിലുള്ള ഇരുവരുടെയും ഔദ്യോഗിക ജീവിതത്തെ ഇതൊരിക്കലും ബാധിച്ചിട്ടില്ല. പരിശീലനത്തെ ബാധിക്കുന്ന തരത്തിൽ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. ഇതെല്ലാം കണക്കിലെടുത്താൽ വ്യക്തിസ്വാതന്ത്ര്യത്തിൽ ഡിപ്പാർട്ട്‌മെന്റ് കൈകടത്തേണ്ടതില്ല എന്നും അഭിപ്രായമുള്ളവരുണ്ട്. എന്നാൽ അച്ചടക്കസേന എന്ന നിലയിൽ ഇത്തരം നടപടികൾ അനുവദിക്കാൻ കഴിയില്ല എന്നതാണ് ഔദ്യോഗികമായി രൂപപ്പെട്ടിട്ടുള്ള അഭിപ്രായം. എതിരഭിപ്രായം ഉള്ളവരും അച്ചടക്കം കണക്കാക്കി പരസ്യമായി പ്രകടിപ്പിക്കില്ല എന്നതാണ് വസ്തുത. ഇവർക്കുമെതിരെ ഇതുവരെ കുടുംബത്തിൽ നിന്നോ മറ്റൊരിടത്ത് നിന്നും ആരും പരാതി ഉന്നയിച്ചതായും വിവരമില്ല. ഒരു കേസും റജിസ്റ്റർ ചെയ്തിട്ടുമില്ല.