ഇഡി നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം'; കേന്ദ്ര ഏജൻസിക്കെതിരെ കെ.എൻ. ബാലഗോപാൽ
കേരളത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള നീക്കങ്ങളാണെന്ന് കെ.എൻ. ബാലഗോപാൽ. സ്വർണക്കടത്തും മാസപ്പടിയും ഉയർത്തിക്കാട്ടി നേരത്തെ കഥകൾ സൃഷ്ടിച്ചെന്നും പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും അദ്ദേഹം ആരോപിച്ചു.
ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ ഇല്ലാതാക്കാനുള്ള ശ്രമം രാജ്യത്ത് നേരത്തെ കണ്ടിട്ടുണ്ടെന്നും പഞ്ചാബിലും ഡൽഹിയിലും ഇത്തരം നടപടികൾ ഉണ്ടായിട്ടുണ്ടെന്നും ബാലഗോപാൽ പറഞ്ഞു. ശശിധരൻ കർത്തയുടെ ഡയറിയിൽ കോൺഗ്രസ് നേതാക്കളുടെ പേരുകളുണ്ടെന്നും, കോൺഗ്രസിലെ അധികാര തർക്കത്തിന്റെ ഭാഗമായി ചില നേതാക്കൾ അന്വേഷണം കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇഡി ഇപ്പോൾ പുറത്തുവിടുന്ന കാര്യങ്ങൾ പെട്ടെന്ന് തയ്യാറാക്കിയ തിരക്കഥയല്ലെന്നും, മൂന്നുമാസം മുമ്പ് മാധ്യമങ്ങളിൽ വന്ന കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും ബാലഗോപാൽ പറഞ്ഞു. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനെയും തങ്ങളെയും കുറിച്ച് നേരത്തെ ഉന്നയിച്ച ആരോപണങ്ങളിൽ പലതിനും അടിസ്ഥാനമില്ലെന്ന് രേഖകൾ തെളിയിക്കുന്നുണ്ടെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.