താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യസംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്
ഗുരുതരമായ പാരിസ്ഥിതിക മലിനീകരണം ഉണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് താമരശ്ശേരിയിലെ 'ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്' അടിയന്തരമായി അടച്ചുപൂട്ടാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ബോർഡ് ചെയർപേഴ്‌സൺ ക്ലോഷർ ഓർഡർ പുറപ്പെടുവിച്ചു.
കരിമ്പാലക്കുന്ന് അമ്പായത്തോട് പ്രവർത്തിക്കുന്ന ഈ പൗൾട്രി റെൻഡറിങ് പ്ലാന്റിൽ നിന്ന് സമീപത്തെ ജനവാസ മേഖലയിലേക്കും ഇരുതുള്ളി പുഴയിലേക്കും മാലിന്യം ഒഴുകിയെത്തുന്നത് രൂക്ഷമായ ദുർഗന്ധത്തിനും ജലമലിനീകരണത്തിനും കാരണമായിരുന്നു. 20 ടൺ മാത്രം ശേഷിയുള്ള പ്ലാന്റിൽ ദിനംപ്രതി 200 ടണ്ണോളം മാലിന്യം സംസ്കരണത്തിനെത്തിച്ചിരുന്നതായി ആരോപണമുണ്ട്. മുൻപ് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പിഴ ഈടാക്കിയിട്ടും നിയമലംഘനം തുടർന്നതിനെ തുടർന്നാണ് ബോർഡ് ശക്തമായ നടപടി സ്വീകരിച്ചത്.
1974-ലെ ജല മലിനീകരണ നിയന്ത്രണ നിയമത്തിലെ സെക്ഷൻ 33A, 1981-ലെ വായു മലിനീകരണ നിയന്ത്രണ നിയമത്തിലെ സെക്ഷൻ 31A എന്നിവ പ്രകാരമാണ് പ്ലാന്റ് പൂർണ്ണമായും അടച്ചുപൂട്ടാൻ നിർദ്ദേശിച്ചത്. പ്ലാന്റിനെതിരെ ജനകീയ കർമ്മസമിതിയുടെയും ഇരുതുള്ളി റിവർ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വർഷങ്ങളായി ശക്തമായ സമരങ്ങൾ നടന്നു വരികയായിരുന്നു.