പൊന്നാനിയിലെ യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് പിടിയിൽ; പിടിയിലായത് ആത്മഹത്യാ ശ്രമത്തിനിടെ
പൊന്നാനി ഹാർബർ പരിസരത്ത് 22-കാരിയായ ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ ഭർത്താവ് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പരപ്പനങ്ങാടിയിൽ റെയിൽവേ ട്രാക്കിന് സമീപം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
മുഹമ്മദ് ലഹരിക്കടിമയാണെന്നും സംശയത്തെത്തുടർന്നാണ് ഫാത്തിമയെ കൊലപ്പെടുത്തിയതെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് പൊന്നാനി ഹാർബറിന് സമീപം മണലിൽ കമിഴ്ന്നു കിടക്കുന്ന രീതിയിൽ ഫാത്തിമയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മണൽ വാരിയിട്ട നിലയിലായിരുന്നു. തെരുവ് നായ്ക്കൾ മൃതദേഹം വലിച്ചിഴക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
ഒന്നര വർഷം മുൻപായിരുന്നു മുഹമ്മദിന്റെയും ഫാത്തിമയുടെയും വിവാഹം. ഇവർക്ക് നാല് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള മുഹമ്മദിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.