വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ 'തൊപ്പി'ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

 

സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രമുഖ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിലെ സഹപ്രതിയും 'തൊപ്പി ഗ്യാങ്' അംഗവുമായ മമ്മു എന്ന മുഹമ്മദിനെ മഞ്ചേരി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിഹാദിനെതിരെയും അന്വേഷണം പോലീസ് ശക്തമാക്കിയത്.

പ്രതി രാജ്യം വിടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. നിഹാദിന്റെ പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിച്ച പോലീസ് വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. യൂട്യൂബ് ലൈവിലൂടെ സ്ത്രീകളെയും സുഹൃത്തുക്കളെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ പ്രതികൾ നടത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വർഷങ്ങളോളം ഒപ്പം നിർത്തിയിട്ടും പ്രതിഫലം നൽകാതെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന മുൻ സുഹൃത്തുക്കളുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് നിഹാദ് ലൈവിലൂടെ ഇവർക്കെതിരെ അധിക്ഷേപം തുടർന്നത്. പ്രതിയെ ഉടൻ പിടികൂടുമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.