ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

 

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കെഎസ്ഇബി. പവർ എക്‌സ്‌ചേഞ്ചിലൂടെ ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമുണ്ടായാൽ നിയന്ത്രണം വേണ്ടിവന്നേക്കാമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്.

ഇതിനൊപ്പം രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്‌സ്‌ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയുടെ അളവിലും കുറവുണ്ടായതായി കെഎസ്ഇബി വ്യക്തമാക്കി.

മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളിൽ ഭാഗിക നിയന്ത്രണത്തിനുള്ള സാധ്യത കെഎസ്ഇബി അറിയിച്ചത്.