സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയർന്ന നിലയിൽ തുടരുന്നു; ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയർന്ന നിലയിൽ തുടരുന്നു. ഇന്നലെ 97.95 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപഭോഗം. പീക്ക് ടൈം ആവശ്യകത 4,785 മെഗാവാട്ടിലെത്തി. വൈദ്യുതി ലഭ്യത ഉറപ്പാക്കാനാകാത്ത സാഹചര്യത്തിൽ ഇന്നും നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചു.
ഇന്നലെ രണ്ട് തവണ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നു. ഇന്ന് 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് ഉണ്ടായേക്കുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ആവശ്യമായ വൈദ്യുതി ലഭ്യമല്ലെങ്കിൽ വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയത്ത് നിയന്ത്രണം ഏർപ്പെടുത്തും.
മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും തുടരുന്നതാണ് വൈദ്യുതി ഉപഭോഗം ഉയരാൻ പ്രധാന കാരണം. മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ആവശ്യകതയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ ഏകദേശം 1,200 മെഗാവാട്ടിന്റെ വർധനയുണ്ട്. രാജ്യത്താകെ വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്‌സ്‌ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായതായി കെഎസ്ഇബി അറിയിച്ചു.