വൈദ്യുതി കരാർ വിവാദം; ക്ലിഫ് ഹൗസിലെ ചർച്ചയിൽ സമവായം, പുതിയ കരാർ സാധ്യത തേടും
സംസ്ഥാന രാഷ്ട്രീയത്തിലും ഭരണമുന്നണിയിലും വലിയ ചർച്ചകൾക്ക് വഴിവെച്ച വൈദ്യുതി വാങ്ങൽ വിവാദം സമവായത്തിലേക്ക് നീങ്ങുന്നു. ക്ലിഫ് ഹൗസിൽ നടന്ന നിർണായക ചർച്ചയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്തു. ഭാവിയിലെ വൈദ്യുതി ആവശ്യകത മുന്നിൽ കണ്ട് പുതിയ കരാർ സാധ്യതകൾ തേടാൻ യോഗത്തിൽ ധാരണയായി.
കെ.എസ്.ഇ.ബി ചെയർമാനുമായി പ്രത്യേകം ചർച്ച നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് കണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ലെന്നും അടുത്ത രണ്ട് മാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടതില്ലെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ചർച്ചയിൽ മന്ത്രി സണ്ണി ജോസഫ് എതിർപ്പുകളൊന്നും ഉയർത്തിയില്ല.
ജി.എൻ.എ (GNA) കരാറിൽ നിന്നുള്ള പിന്മാറ്റം താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. തന്നെ അവഗണിച്ച് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തി തീരുമാനമെടുത്തതിലായിരുന്നു മന്ത്രിയുടെ അതൃപ്തി. എന്നാൽ ഫയൽ മന്ത്രി വഴി തന്നെയാണ് വന്നതെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെ കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്ത് മന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതിന് പിന്നാലെയാണ് ക്ലിഫ് ഹൗസിൽ സമവായ ചർച്ച നടന്നത്.