സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം തുടരും; 'പവർകട്ട് അലർട്ട്' സംവിധാനം ഇന്ന് മുതൽ
സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാൽ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി മുടങ്ങുന്ന സമയത്തെക്കുറിച്ച് ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുന്നതിനായി ഇന്ന് മുതൽ 'പവർകട്ട് അലർട്ട്' സംവിധാനം നിലവിൽ വരും. വൈകീട്ടോടെ സംവിധാനം പ്രവർത്തനസജ്ജമാകുമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ വൈദ്യുതി പദ്ധതികൾ മുടങ്ങാൻ കാരണം ഏകോപനക്കുറവാണെന്ന മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പരാമർശം ശരിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ദീർഘകാല വൈദ്യുതി കരാർ നഷ്ടമായതും ഇതിന്റെ ഭാഗമാണ്. മുൻ സർക്കാരിന്റെ ഏകോപനക്കുറവാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തുടർച്ചയായ പത്താം ദിവസമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈകീട്ട് 6.30 മുതൽ പുലർച്ചെ ഒരു മണിവരെയാണ് നിലവിൽ നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. ചില പ്രദേശങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി മുടങ്ങുന്നതായി പരാതി ഉയർന്നിരുന്നു . ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണം തുടരാനാണ് സാധ്യത.