വൈദ്യുതി പ്രതിസന്ധി സുവർണാവസരം; ഒക്ടോബറിൽ പുതിയ ഊർജ്ജ നയം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

 

സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ സമഗ്രമായ ഊർജ്ജ മാനേജ്‌മെന്റ് സിസ്റ്റം രൂപീകരിക്കാനുള്ള സുവർണാവസരമായാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ വൈദ്യുതി നയം ഒക്ടോബറിൽ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 'കോർ റിന്യൂ എക്‌സ്‌പോ & എനർജി കോൺക്ലേവ് 2026' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ വൈദ്യുതി ഉപഭോഗം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും ആവശ്യമായതിന്റെ 15 ശതമാനം മാത്രമാണ് നിലവിൽ സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനായി നിലവിലുള്ള 13,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഈ വർഷം 16,000 കോടി കവിയാൻ സാധ്യതയുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളും പ്രതിഷേധങ്ങളും കാരണം ജല, താപ, ആണവ ഊർജ്ജ പദ്ധതികൾക്കുള്ള പരിമിതികൾ കണക്കിലെടുത്ത് പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലേക്ക് തിരിയേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രസരണ നഷ്ടം 8 ശതമാനത്തിൽ താഴെയായി കുറയ്ക്കാനായത് വലിയ നേട്ടമാണ്. പുരപ്പുറ സൗരോർജ്ജ പദ്ധതികൾ, ബാറ്ററി സ്റ്റോറേജ് സിസ്റ്റങ്ങൾ, പമ്പ്ഡ്-സ്റ്റോറേജ് സിസ്റ്റങ്ങൾ എന്നിവ വ്യാപിപ്പിക്കാനും പകൽസമയത്തെ വൈദ്യുതി ഉപയോഗം പ്രയോജനപ്പെടുത്താനും നിർദ്ദേശമുണ്ട്. കാലാവസ്ഥാ വ്യതിയാനവും വ്യവസായ ആവശ്യങ്ങളും കണക്കിലെടുത്ത് തയ്യാറാക്കുന്ന പുതിയ നയത്തിലൂടെ സൗരോർജ്ജ മേഖലയിലെ നിക്ഷേപങ്ങൾക്ക് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.