സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

 

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ പവർ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത പക്ഷം നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് അറിയിപ്പ്.

ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. ഏഴ് മണിക്ക് ശേഷം പീക്ക് സമയങ്ങളിലായിരിക്കും വൈദ്യുതി നിയന്ത്രണം ഉണ്ടാവുക.എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് വർധിച്ചിരിക്കുകയാണന്നും KSEB അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമായതിനാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായില്ല.