വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ തുടരും;കെഎസ്ഇബി ചെയര്‍മാന്‍
സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ തുടരുമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം. പ്രതിസന്ധി മറികടക്കാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കെഎസ്ഇബി ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാത്രി 12 മണിക്ക് ശേഷമുള്ള വൈദ്യുതി നിയന്ത്രണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് സർക്കാരിനും ബോർഡിനും ബോധ്യമുണ്ടെന്ന് രാജമാണിക്യം പറഞ്ഞു. നിയന്ത്രണം മൂലമുള്ള അസൗകര്യങ്ങൾ പരമാവധി കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വൈദ്യുതി മുടങ്ങുന്ന സമയം മുൻകൂട്ടി അറിയിക്കുന്നതിനായി സോഫ്റ്റ്വെയർ തയ്യാറാക്കിവരികയാണ്. ഇത് പ്രാവർത്തികമാകുന്നതോടെ ഉപഭോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബറിലും വൈദ്യുതിയുടെ ഡിമാൻഡ് കൂടി തന്നെ തുടരുകയാണ്.വൈകിട്ട് 7നുണ്ടാകുന്ന അതേ അവസ്ഥ തന്നെയാണ് രാവിലെയും ഉണ്ടാകുന്നത്. ഒക്ടോബർ ഒന്നുമുതൽ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഒക്ടോബറിൽ പുതുതായി 500 മെഗാവാട്ട് വൈദ്യുതി ലഭിക്കും. കൈമാറ്റ കരാറുകൾ വഴി ലഭിക്കുന്ന വൈദ്യുതി കൂടി എത്തുന്നതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.അതുവരെ വൈദ്യുതി ഉപയോഗം പരമാവധി സ്വയം നിയന്ത്രിക്കണമെന്നും കെഎസ്ഇബി ചെയർമാൻ അഭ്യർഥിച്ചു.