ഉമ്മൻ ചാണ്ടിയെ പ്രകീർത്തിച്ചു; മൃഗാശുപത്രി ജീവനക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കിയതായി ആരോപണം

 

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ചതിന്റെ പേരിൽ മൃഗാശുപത്രിയിലെ ജീവനക്കാരിയെ പിരിച്ചുവിട്ടതായി പരാതി. പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ പി.ഒ സതിയമ്മയെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. 11 വർഷമായി ഇവിടത്തെ താൽക്കാലിക ജീവനക്കാരിയാണ് സതിയമ്മ.

ഉമ്മൻചാണ്ടിയെ പുകഴ്ത്തി പറഞ്ഞതുകൊണ്ടാണ് പിരിച്ചുവിട്ടതെന്ന് ഇവർ ആരോപിച്ചു. അദ്ദേഹം ചെയ്ത സഹായങ്ങൾ പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തത്. തന്റെ മകൻ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തു. തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തു.  അതിനാൽ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മന് വോട്ട് ചെയ്യുമെന്നുമാണ് സതിയമ്മ പറഞ്ഞത്.

ഇതിന് പിന്നാലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്ക് വരേണ്ടെന്ന് നിർദേശിച്ചതായി സതിയമ്മ പറഞ്ഞു. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന് കീഴിലാണ് ഈ മൃഗാശുപത്രി. 8,000 രൂപയായിരുന്നു ഇവരുടെ മാസവേതനം.