വടക്കഞ്ചേരിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്ക്

 

വടക്കഞ്ചേരി ദേശീയപാതയിൽ തങ്കം ജങ്ഷന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റു. കണ്ണമ്പ്ര ഭാഗത്തുനിന്ന് എത്തിയ ബസ് സർവീസ് റോഡിലൂടെ ടൗണിലേക്ക് പ്രവേശിക്കുന്നതിനിടെ എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലിടിച്ച ശേഷം നിയന്ത്രണം വിട്ട ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും ബൈക്കിലും ഇടിച്ചു.പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു.