സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം നിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം
സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിനൊരുങ്ങുന്നു. മിനിമം യാത്രാനിരക്ക് 15 രൂപയാക്കുക, ഡീസലിന് സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ മുന്നോട്ടുവയ്ക്കുന്നത്. സമരത്തിന്റെ വിശദാംശങ്ങൾ മറ്റന്നാൾ പ്രഖ്യാപിക്കും.
സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ലെന്നാണ് ബസുടമകളുടെ നിലപാട്.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി സ്വകാര്യ ബസുകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും ബസുടമകൾ പറയുന്നു. ഈ നഷ്ടം നികത്താൻ ആവശ്യമായ നിർദേശങ്ങൾ വിദഗ്ധ സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും സംഘടനകൾ വ്യക്തമാക്കി. സ്വകാര്യ ബസ് സർവീസുകൾ പൂർണമായി നിർത്തിവയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ സെപ്റ്റംബർ എട്ടിന് പാലക്കാട്ട് ബസുടമകളുടെ യോഗം ചേരും.
സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നിർത്തിവയ്ക്കണമോ എന്നതിൽ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും ബസുടമകളുടെ സംഘടനകൾ അറിയിച്ചു.