സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്; മിനിമം ചാർജ് വർധനയടക്കം ആവശ്യങ്ങൾ

 

സംസ്ഥാനത്ത് അടുത്ത മാസം മൂന്ന് മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. മിനിമം ചാർജ് വർധനയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എട്ട് സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. കേരള ബസ് ട്രാൻസ്‌പോർട്ടേഴ്സ് അസോസിയേഷൻ ഓഫീസിൽ ചേർന്ന സംയുക്ത യോഗത്തിലാണ് പണിമുടക്കിന് തീരുമാനമായത്.

കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസ് സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് ബസുടമകൾ ആരോപിച്ചു. പദ്ധതി നടപ്പാക്കിയതോടെ വരുമാനം കുത്തനെ കുറഞ്ഞെന്നും നിലവിലെ സാഹചര്യത്തിൽ സർവീസുമായി മുന്നോട്ടുപോകാനാകില്ലെന്നും ഉടമകൾ വ്യക്തമാക്കി. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി നേരത്തേ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും അവർ പറഞ്ഞു.

2022ൽ നിശ്ചയിച്ച നിരക്കിലാണ് ഇപ്പോഴും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് 2011ന് ശേഷം പുതുക്കിയിട്ടില്ലെന്നും ബസുടമകൾ ചൂണ്ടിക്കാട്ടി. മിനിമം ചാർജും വിദ്യാർഥികളുടെ കൺസഷൻ നിരക്കും വർധിപ്പിക്കുക, സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.