മലബാർ മിൽമ പിരിച്ചുവിട്ടതിന് പിന്നിൽ സ്വകാര്യ ഡയറി പദ്ധതി; ആരോപണം അടിസ്ഥാനരഹിതമെന്ന് ചെയർമാൻ
മിൽമയ്‌ക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചെയർമാൻ കെ.എസ്. മണി. മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടതിന് പിന്നിൽ വയനാട്ടിൽ തുടങ്ങുന്ന സ്വകാര്യ ഡയറി പദ്ധതിക്കായുള്ള നീക്കമാണെന്നും കെ.എസ്. മണി ആരോപിച്ചു. എറണാകുളം യൂണിയനെ പിരിച്ചുവിടാത്തത് രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മിൽമയെ ഒളിഞ്ഞും തെളിഞ്ഞും തകർക്കാനുള്ള ശ്രമം നടക്കുകയാണെന്നും ചെയർമാൻ ആരോപിച്ചു. മിൽമയുടെ ഭാഗത്ത് വീഴ്ചയോ ക്രമക്കേടോ ഉണ്ടായിട്ടുണ്ടെങ്കിൽ ക്രൈംബ്രാഞ്ചോ വിജിലൻസോ അന്വേഷിക്കട്ടെയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അപക്വമാണെന്നും കെ.എസ്. മണി പറഞ്ഞു. ഭരണസമിതി പിരിച്ചുവിടുന്നത് നിയമാനുസൃതമായ നടപടികളിലൂടെയാകണം. വിഷയത്തിൽ ക്ഷീരവികസന വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും നാളെ പൊതുയോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ഇനി എത്രകാലം ചെയർമാനായി തുടരാനാകുമെന്ന് അറിയില്ലെന്നും കെ.എസ്. മണി പ്രതികരിച്ചു.