സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കും: റോജി എം. ജോൺ

 

സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. നിലവിൽ ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ഇതിന് പകരമായി യുഡിഎഫ് സർക്കാർ പുതിയ ബിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോജി എം. ജോൺ. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സർവകലാശാല ടൗൺഷിപ്പ് പദ്ധതി കേരളത്തിന് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലിലും മന്ത്രി കേന്ദ്രത്തോട് ആശങ്ക അറിയിച്ചു. സംസ്ഥാനത്തിന് കൂടുതൽ ഫണ്ട് ലഭ്യമാക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടതെന്നും റോജി എം. ജോൺ വ്യക്തമാക്കി.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ശാസ്ത്ര, സാങ്കേതിക സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ മാനദണ്ഡങ്ങൾ നിർണയിക്കുന്നതിനുമാണ് കേന്ദ്ര സർക്കാർ വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ കൊണ്ടുവന്നത്.