പ്രിയദർശിനി ബസിലെ സീറോ ടിക്കറ്റ് തട്ടിപ്പ്: കർശന നടപടി ഉണ്ടാകും; മുന്നറിയിപ്പുമായി ഗതാഗത മന്ത്രി

 

പ്രിയദർശിനി ബസുകളിൽ പുരുഷ യാത്രക്കാർക്ക് വീണ്ടും സൗജന്യ സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കടുത്ത മുന്നറിയിപ്പുമായി ഗതാഗത മന്ത്രി സി.പി. ജോൺ. ജീവനക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് മന്ത്രി വിമർശിച്ചു. നേരത്തെ അബദ്ധം സംഭവിച്ചതാണെന്നാണ് പറഞ്ഞിരുന്നത്. സംഭവം വീണ്ടും ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.പ്രിയദർശിനി ബസുകളിലെ തിരക്ക് സംബന്ധിച്ച് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ തിരക്കേറിയ സ്ഥലങ്ങളിൽ ക്യൂ സമ്പ്രദായം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം ആലുവ റൂട്ടിൽ സർവീസ് നടത്തിയ പ്രിയദർശിനി ബസിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സീറോ ടിക്കറ്റ് തട്ടിപ്പ് കണ്ടെത്തിയത്. പുരുഷ യാത്രക്കാർക്ക് സൗജന്യ സീറോ ടിക്കറ്റ് നൽകി പണം തട്ടിയ സംഭവത്തിൽ കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തു.പെരുമ്പാവൂർ ഡിപ്പോയിൽനിന്ന് മൂവാറ്റുപുഴ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയനെതിരെയാണ് വിജിലൻസ് വിഭാഗം റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് വിവരം.