പ്രിയദർശിനി യാത്രാക്കാർക്ക് അഭിപ്രായം രേഖപ്പെടുത്താം; കെഎസ്ആർടിസി ചലോ ആപ്പിൽ ഫീഡ്‌ബാക്ക് സംവിധാനം

 

കെഎസ്ആർടിസി യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 'കെഎസ്ആർടിസി ചലോ' മൊബൈൽ ആപ്പിൽ പുതിയ ഫീഡ്ബാക്ക്/റേറ്റിങ് സംവിധാനം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതോടെ ബസുകളിൽ വനിതാ യാത്രക്കാരുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വനിതകളുടെ സുരക്ഷയും യാത്രാ സംതൃപ്തിയും പ്രത്യേകം വിലയിരുത്താനാണ് ഈ സംവിധാനം പ്രധാനമായും ലക്ഷ്യമിടുന്നത്.

യാത്രയുടെ സുരക്ഷ, സമയനിഷ്ഠ, ബസിലെ സൗകര്യങ്ങൾ, ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം എന്നിവയ്ക്ക് ആപ്പിലൂടെ റേറ്റിങ് നൽകാം. ഇതോടൊപ്പം യാത്രക്കാർക്ക് നിർദേശങ്ങളും രേഖപ്പെടുത്താം. ഈ വിവരങ്ങൾ കേന്ദ്രീകൃത സംവിധാനം വഴി കെഎസ്ആർടിസി വിശകലനം ചെയ്യുകയും, ഓരോ സർവീസിന്റെയും ജീവനക്കാരുടെയും പ്രകടനം വിലയിരുത്താൻ ഉപയോഗിക്കുകയും ചെയ്യും. യാത്രക്കാർ ചൂണ്ടിക്കാണിക്കുന്ന പോരായ്മകൾ സമയബന്ധിതമായി പരിഹരിക്കാൻ ഈ ഫീഡ്ബാക്ക് സംവിധാനം സഹായിക്കുമെന്നും ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും കെഎസ്ആർടിസി അറിയിച്ചു.