പ്രിയദർശിനി പദ്ധതി: 60 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ
പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഇത് നേരത്തെ സർക്കാർ കണക്കുകൂട്ടിയിരുന്നതാണെന്നും, മുഖ്യമന്ത്രി ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്നതിനാൽ കാര്യങ്ങൾ കൃത്യമായാണ് മുന്നോട്ടുപോയതെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ പ്രിയദർശിനി ബസുകൾ സർവീസിന് ഇറക്കാൻ നിലവിൽ ബസുകളുടെ കുറവുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എംഎൽഎമാരുടെ ഫണ്ടിൽനിന്ന് ഓരോ ബസ് വാങ്ങി നൽകുന്നതിനുള്ള നിയമം കൊണ്ടുവരാൻ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എക്‌സ്പ്രസ്, ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള സർവീസുകൾ പ്രിയദർശിനിയാക്കാനാണ് ആഗ്രഹമെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിന് കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ സമരവുമായി ബന്ധപ്പെട്ട് പ്രതികരിച്ച മന്ത്രി, വാഹന മേഖലയിലെ എല്ലാവരെയും സർക്കാർ പരിഗണിക്കുമെന്നും പറഞ്ഞു. വാഹന മേഖലയിൽ മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും, വിവിധ മേഖലകളിലുള്ളവരെ പ്രോത്സാഹിപ്പിക്കാൻ നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷ്വറി ബസുകൾ ഉടൻ നിരത്തിലിറങ്ങുമെന്ന് പറഞ്ഞ മന്ത്രി, കൂടുതൽ ലക്ഷ്വറി ബസുകൾ വാങ്ങുക എന്നത് സർക്കാരിന്റെ നയമല്ലെന്നും നിലവിലുള്ള ബസുകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമമെന്നും അറിയിച്ചു.
റോഡ് സുരക്ഷയുടെ ഭാഗമായി സർക്കാർ പുതിയ പദ്ധതി ആരംഭിക്കുമെന്നും, ഇതിന്റെ ഭാഗമായി സീബ്രാ ലൈനുകളുടെ വീതി ഇരട്ടിയാക്കുമെന്നും സി.പി. ജോൺ പറഞ്ഞു.
വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ, നിയമാനുസൃതമായ കാര്യങ്ങൾ അനുവദിക്കുന്ന സർക്കാരാണിതെന്നും എന്നാൽ അനുവദിച്ച ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ബസുകളിൽ 'വോക്കൽ' എന്ന പേരിൽ പുറത്തുവച്ച് പ്രവർത്തിപ്പിക്കുന്ന സ്പീക്കറുകൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇത്തരം സ്പീക്കറുകൾ ഉടൻ നീക്കം ചെയ്യണമെന്നും, അല്ലാത്തപക്ഷം അവ കണ്ടുകെട്ടുമെന്നും മന്ത്രി സി.പി. ജോൺ മുന്നറിയിപ്പ് നൽകി.