മെസിയെയും അർജന്റീന ടീമിനെയും എത്തിക്കാമെന്ന വാഗ്ദാനം; റിപ്പോർട്ടർ കമ്പനി സമാഹരിച്ചത് 549.22 കോടി
ഫുട്‌ബോൾ താരം ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ അക്കൗണ്ടുകളിലേക്ക് 549.22 കോടി രൂപ എത്തിയതായി ജിഎസ്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2024 ഏപ്രിൽ മുതൽ 2026 ഓഗസ്റ്റ് 18 വരെയുള്ള കാലയളവിലാണ് ഇത്രയും തുക ക്രെഡിറ്റായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കമ്പനിക്ക് ലഭിച്ച തുകയിൽ 212.75 കോടി രൂപ ഗോകുലം ചിറ്റ് ഫണ്ട്, ഹിന്ദുജ ലെയ്ലാൻഡ് ഗ്രൂപ്പ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയായി ലഭിച്ചതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, സമാഹരിച്ച തുകയിൽ 102 കോടി രൂപ മാത്രമാണ് കമ്പനി ആദായനികുതി, ജിഎസ്ടി റിട്ടേണുകളിൽ വെളിപ്പെടുത്തിയിട്ടുള്ളത്. ശേഷിക്കുന്ന 234.31 കോടി രൂപയുടെ സാമ്പത്തിക ഉറവിടം വ്യക്തമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കലോ വിദേശത്തേക്ക് പണം കടത്തലോ നടന്നിട്ടുണ്ടോയെന്ന സംശയവും അന്വേഷണ സംഘം ഉയർത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് റിപ്പോർട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും കൈമാറാനാണ് ജിഎസ്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.