രണ്ടാനച്ഛന്റെ ക്രൂരമർദനമേറ്റ 13കാരനും കുടുംബത്തിനും സംരക്ഷണം; അമ്മക്ക് താൽക്കാലിക ജോലി നൽകും

 

കൊല്ലം ചടയമംഗലത്ത് രണ്ടാനച്ഛന്റെ ക്രൂരമർദനമേറ്റ 13കാരനും കുടുംബത്തിനും ആശ്വാസമായി വനിതാ ശിശുവികസന വകുപ്പിന്റെ ഇടപെടൽ. കുട്ടിയെയും രണ്ട് സഹോദരങ്ങളെയും അമ്മയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. അമ്മയ്ക്ക് സിഡബ്ല്യുസി ഹോമിൽ താൽക്കാലിക ജോലി നൽകാനും ആലോചനയുണ്ട്. മന്ത്രി ബിന്ദു കൃഷ്ണ കഴിഞ്ഞ ദിവസം വീട്ടിലെത്തി കുടുംബത്തിന്റെ ദുരവസ്ഥ നേരിട്ട് മനസിലാക്കിയതിന് പിന്നാലെയാണ് നടപടി.

സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിയുമായും അമ്മയുമായും മുഖ്യമന്ത്രി വി.ഡി. സതീശൻ ഫോണിൽ സംസാരിച്ചിരുന്നു. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കുട്ടിയുടെ ചികിത്സയ്ക്കും പഠനത്തിനുമുള്ള സഹായം സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

അതിനിടെ, കുട്ടിയെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ ഓയൂർ അടയറ സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പൂയപ്പള്ളിയിലെ വീട്ടിൽനിന്ന് ഇയാളെ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ വസ്ത്രത്തിൽ പിടിച്ചുയർത്തി വസ്ത്രം അഴിച്ചുമാറ്റിയശേഷം വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. അച്ഛനെ പേടിയാണെന്ന് കുട്ടി നിലവിളിച്ചിട്ടും മർദനം തുടർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമുയർന്നിരുന്നു.