ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം: ജാമ്യം ലഭിച്ച കെ.എസ്.യു പ്രവർത്തകർക്ക് ജയിലിന് മുന്നിൽ സ്വീകരണം

 

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ കെ.എസ്.യു പ്രവർത്തകർ ജാമ്യത്തിലിറങ്ങി. ജയിലിന് പുറത്തെത്തിയ അഞ്ച് പ്രവർത്തകർക്കും കെ.എസ്.യു, കോൺഗ്രസ് പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്. മന്ത്രിക്കെതിരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോടതി നിരീക്ഷിച്ചതിനെത്തുടർന്നാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.

മന്ത്രിക്കെതിരായ പ്രതിഷേധത്തിൽ കറുത്ത തുണി മാത്രമാണ് ഉപയോഗിച്ചതെന്നും യാതൊരുവിധ ആയുധങ്ങളും കൈവശമുണ്ടായിരുന്നില്ലെന്നും കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ പറഞ്ഞു. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തി പ്രവർത്തകരെ ജയിലിലടയ്ക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും ഇത് ഭരണകൂട ഭീകരതയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധത്തിൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് തന്നെ കോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ, ഏത് ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് മന്ത്രി വെളിപ്പെടുത്തണമെന്നും അതുൽ ആവശ്യപ്പെട്ടു.

സർക്കാരിന്റെ പോരായ്മകൾക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്ന് കെ.എസ്.യു നേതൃത്വം വ്യക്തമാക്കി. ഇടതുപക്ഷ സർക്കാർ തീവ്ര വലതുപക്ഷ നയങ്ങളാണ് സ്വീകരിക്കുന്നതെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി.