'സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശം'; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന് നേരെയുള്ള പൊലീസ് നടപടിയിൽ വിമർശനവുമായി പ്രിയങ്ക ഗാന്ധി

 

സമാധാനപരമായി പ്രതിഷേധിക്കാനും ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാനുമുള്ള ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. സ്വന്തം പാർട്ടിയുടെ സർക്കാരിനെതിരായ പ്രതിഷേധമാണെങ്കിലും സമാധാനപരമാണെങ്കിൽ അത് അനുവദിക്കപ്പെടണമെന്നാണ് തന്റെ നിലപാടെന്നും പ്രിയങ്ക വ്യക്തമാക്കി.

സെക്രട്ടേറിയറ്റിന് മുന്നിൽ 129 ദിവസമായി സമരം ചെയ്തിരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെ ബുധനാഴ്ച രാത്രി പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്ത സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

പ്രതിഷേധങ്ങൾ ഏത് സംസ്ഥാനത്തായാലും സമാധാനപരമാണെങ്കിൽ അവയ്ക്ക് അവസരം നൽകണം. എന്നാൽ പ്രതിഷേധത്തിനിടെ അക്രമമോ നിയമലംഘനമോ ഉണ്ടാകുകയും ജനങ്ങൾക്ക് പരിക്കേൽക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്താൽ നിയമവാഴ്ച ഉറപ്പാക്കാൻ പൊലീസിന് ഇടപെടാം. അതേസമയം, സമാധാനപരമായ സമരങ്ങളെ അടിച്ചമർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രിയങ്ക പറഞ്ഞു.

ജനങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും സർക്കാരിനോട് മറുപടി ആവശ്യപ്പെട്ട് തെരുവിലിറങ്ങുമ്പോഴും പൊലീസിനെ ഉപയോഗിച്ച് മർദിച്ചും ജയിലിലടച്ചും പ്രതിഷേധങ്ങളെ തടയാൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ചേർന്ന നടപടിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.

ജനാധിപത്യ സംവിധാനത്തിൽ സർക്കാരിന്റെ ഓരോ തീരുമാനത്തിനും നടപടികൾക്കും ജനങ്ങളോട് മറുപടി പറയാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും പ്രിയങ്ക ഗാന്ധി ഓർമിപ്പിച്ചു.വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയത്. ശനിയാഴ്ച അവർ ഡൽഹിയിലേക്ക് മടങ്ങും.