പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്; മുൻ ചെയർമാൻ ബൈജുവിനെ ചോദ്യം ചെയ്യും
കേരള പി.എസ്.സി പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (SIT). ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ പരീക്ഷാ തട്ടിപ്പുകളിൽ പുതിയ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. ഇതിന് പുറമേ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (AMVI) പരീക്ഷയിലെ ക്രമക്കേടിലും ഉടൻ കേസെടുക്കും. ക്രമക്കേടുമായി ബന്ധപ്പെട്ട് 177 പരാതികൾ ലഭിച്ച പശ്ചാത്തലത്തിൽ മുൻ പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം പ്ലാനിങ് ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ പ്രതിചേർക്കപ്പെട്ട പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ പി.എസ്.സി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ പി.എസ്.സിയിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് എസ്.ഐ.ടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പരീക്ഷാ തട്ടിപ്പ് കേസിൽ സർക്കാരിനും പോലീസിനും മെല്ലെപ്പോക്കാണെന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള നീക്കങ്ങൾ വേഗത്തിലാക്കിയത്.