പിഎസ്സി പരീക്ഷാ ക്രമക്കേട്: അനേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി

 

പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി സർക്കാർ ഉത്തരവിറക്കി. അടുത്തകാലത്തുണ്ടായ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിലുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഐജി അജിതാബീഗത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക. തുടർ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആഭ്യന്തരമന്ത്രി നിർദേശം നൽകി. പി.എസ്.സി പരീക്ഷകളും നിയമന നടപടികളുമായി ബന്ധപ്പെട്ട രേഖകൾ, പരീക്ഷാ നടപടിക്രമങ്ങൾ എന്നിവ അന്വേഷണസംഘം പരിശോധിക്കും. പി.എസ്.സി ചെയർമാൻ, ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിക്കാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.

ഉദ്യോഗാർത്ഥികൾ വിജിലൻസിന് നൽകിയ പരാതികളും അന്വേഷണത്തിന്റെ പരിധിയിൽ വരും. പി.എസ്.സി നിയമന നടപടികളെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾ ഗുരുതരമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കമ്മിഷന്റെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചത്.