പിഎസ്സി പരീക്ഷാ ക്രമക്കേട്: ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് വി.ഡി. സതീശൻ

 

പിഎസ്സി പരീക്ഷാ ക്രമക്കേട് അന്വേഷണത്തിൽ ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്വേഷണവുമായി പിഎസ്സി സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന നിലപാടിലാണ് പിഎസ്സി. പകരം പിഎസ്സി ആസ്ഥാനത്തെത്തി മൊഴിയെടുക്കണമെന്നാണ് കമ്മിഷന്റെ ആവശ്യം. ഭരണഘടനാ സ്ഥാപനമായതിനാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ഹാജരാകുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്നാണ് പിഎസ്സിയുടെ നിലപാട്.

എന്നാൽ ചോദ്യം ചെയ്യലിനായി അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തന്നെ ഹാജരാകണമെന്ന നിലപാടിൽ അന്വേഷണ സംഘം ഉറച്ചുനിൽക്കുകയാണ്. പിഎസ്സിയുടെ ആവശ്യം സംബന്ധിച്ച് വിശദമായ നിയമപരിശോധന നടത്തിയ ശേഷമായിരിക്കും ക്രൈംബ്രാഞ്ചിന്റെ തുടർനടപടി.

ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പരീക്ഷയുടെ മൂല്യനിർണയത്തിൽ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ പരിശോധിക്കാതെ വിട്ടതായും, രണ്ട് പിഎസ്സി ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പുതല നടപടി ശുപാർശ ചെയ്തിട്ടുണ്ട്.

നിലവിൽ പിഎസ്സി അംഗങ്ങളുടെ മൊഴിയെടുക്കൽ സംബന്ധിച്ച തർക്കമാണ് തുടരുന്നത്. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുന്നതടക്കമുള്ള നിയമനടപടികളും പിഎസ്സി പരിഗണിക്കുന്നുണ്ട്.