പി.എസ്.സി. പരീക്ഷാ ക്രമക്കേട്: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; പുതിയ പരാതികളും എസ്.ഐ.ടിക്ക്
പി.എസ്.സി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും വ്യാപിച്ചു. ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിർണയുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണ് എടുത്തത്. മൂല്യനിർണയത്തിൽ ഉണ്ടായ വീഴ്ച സംബന്ധിച്ചു വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ഒരു ലക്ഷത്തിലേറെ രൂപ ശമ്പളമുള്ള തസ്തികയിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിൽ പത്തു ചോദ്യങ്ങൾ ഒഴിവാക്കിയതാണ് വിവാദമായത്. ഒന്നാം പേപ്പറിന്റെ ഇക്കണോമിക്‌സ് വിഷയത്തിൽ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താൻ ആരെയും നിയോഗിക്കാതിരുന്നത് മനഃപൂർവമാണോ അതോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്ഐടി
അതേസമയം കൂടുതൽ പി സ് സി പരീക്ഷകൾ സംബന്ധിച്ചുള്ള പരാതികൾ എസ്ഐടിക്കു ലഭിച്ചു. കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് പിഎസ്സി വിജ്ഞാപനം ഇറക്കിയെന്നാണ് ഉദ്യോഗാർഥികൾ പരാതി നൽകിയത്. നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തണമെന്ന് സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടിട്ടും, ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് മറച്ചുവച്ച് പുതിയ വിജ്ഞാപനമിറക്കി നിയമവിരുദ്ധമായി നിയമനം നടത്തിയെന്നാണ് ആരോപണം. അസിസ്റ്റന്റ്/കാഷ്യർ തസ്തികയിലെ നിയമനത്തിനെതിരെ ഉദ്യോഗാർഥികൾ എസ്ഐടിക്കു മൊഴി നൽകി.