പിഎസ്സി പരീക്ഷാ ക്രമക്കേട്: കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം
പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. കെഎഎസ് ഉൾപ്പെടെയുള്ള ചില പരീക്ഷകളിലെ ക്രമക്കേടുകളിൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാൽ കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും.ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ പട്ടികയും പ്രത്യേക അന്വേഷണ സംഘം ഉടൻ കോടതിയിൽ സമർപ്പിക്കും.
പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ നൂറുകണക്കിന് പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം തെളിവ് ശേഖരണവും തുടരുകയാണ്.കെഎഎസ് പരീക്ഷയിലെയും ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ അഭിമുഖത്തിലെയും ക്രമക്കേടുകളിൽ കേസെടുക്കുന്നത് അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്. പൊലീസ് മേധാവിയുടെ അനുമതി ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ തുടർനടപടിയുണ്ടാകും.