വിവാദങ്ങൾക്കിടെ പരീക്ഷാ ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ പിഎസ്സി

 

വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനം. 2023 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തസ്തികകളുടെയും അതിനൊപ്പം പൊതുപരീക്ഷ നടത്തിയ തസ്തികകളുടെയും തുടർനടപടികൾ ആവശ്യമില്ലാത്ത ഒഎംആർ, വിവരണാത്മക പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് നശിപ്പിക്കുന്നത്.642 കാറ്റഗറികളിലെ പരീക്ഷകളുടെ ഉത്തരക്കടലാസാണ് നശിപ്പിക്കുന്നത്. 1961ലെ കേരള ഡിസ്ട്രക്ഷൻ ഓഫ് റെക്കോർഡ്‌സ് നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരമാണ് നടപടി.

അതേസമയം, പിഎസ്‌സിയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് പ്രഖ്യാപിച്ചിരുന്നു. പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ തയ്യാറാക്കൽ, മൂല്യനിർണയം, കെഎഎസ് പരീക്ഷയിലെ അഭിമുഖ മാർക്ക് വർധിപ്പിക്കൽ തുടങ്ങിയ പരാതികളാണ് പരിശോധിക്കുക.