'അമ്മ' സംഘടനയ്‌ക്കെതിരെ പരസ്യ പ്രസ്താവനകൾ; നടി അൻസിബ ഹസന് കാരണം കാണിക്കൽ നോട്ടീസ്
Jun 11, 2026, 16:30 IST
നടി അൻസിബ ഹസനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി താരസംഘടനയായ 'അമ്മ'. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സംഘടനയ്‌ക്കെതിരെ തുടർച്ചയായി പരസ്യ പ്രസ്താവനകൾ നടത്തി സംഘടനയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിക്കിയതിനാണ് നടപടി. സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കാവുന്ന ആഭ്യന്തര വിഷയങ്ങൾ പൊതുസമൂഹത്തിന് മുന്നിലെത്തിച്ചതിലൂടെ 'അമ്മ'യുടെ ബൈലോയ്ക്ക് വിരുദ്ധമായി അച്ചടക്കലംഘനം നടത്തി എന്നാണ് ഭാരവാഹികളുടെ വിലയിരുത്തൽ. അച്ചടക്കലംഘനം നടത്തിയ നടിക്ക് എതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കരുത് എന്ന് വ്യക്തമാക്കിക്കൊണ്ട് വരുന്ന 17-ാം തീയതിക്ക് മുൻപ് മറുപടി നൽകാനാണ് നിർദ്ദേശം.ലഭിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന സൂചനയും സംഘടന നൽകിയിട്ടുണ്ട്.