പുനർജനി കേസ്: വിജിലൻസിന് തനിക്കെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

 

പുനർജനി കേസിൽ തനിക്കെതിരെ വിജിലൻസിന് യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കേസിൽ രണ്ട് അന്വേഷണങ്ങളും നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതിന് പിന്നാലെ പറവൂരിൽ സിപിഎം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ കീഴിലുള്ള ആഭ്യന്തരവപ്പ് നൽകിയ ക്ലീൻ ചിറ്റിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഇടത് മുന്നണി തീരുമാനം.

2018 ലെ പ്രളയ സമയത്ത് പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണമാണ്, തെളിവില്ല എന്നതിൻ്റെ പേരിൽ ആഭ്യന്തര വകുപ്പ് അവസാനിപ്പിച്ചത് . ഒരു തെളിവും സതീശനെതിരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുകയും ചെയ്തു. എന്നാൽ സിപിഎം അത് വിടാൻ ഉദ്ദേശിക്കുന്നില്ല.ഇതിനെതിരെ മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിൽ നടന്ന എൽഡിഎഫ് പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്തത്. പഴയ സർക്കാരിൻ്റെ കാലത്ത് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കിയത് കേന്ദ്ര അന്വേഷണം വേണമെന്നാണെന്ന് ഗോവിന്ദൻ ആവശ്യപ്പെടുന്നത്.