പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി, നാളെ പിരിയുന്ന സഭ സെപ്റ്റംബർ 11ന് വീണ്ടും സമ്മേളിക്കും
Aug 9, 2023, 14:09 IST
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി. ഈ മാസം 24 വരെ ചേരാനിരുന്ന സഭ, നാളെ പിരിയും. പിന്നീട് സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ വീണ്ടും സമ്മേളിക്കും. ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സമ്മേളനം വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ചര്‍ച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ തുടങ്ങേണ്ട സാഹചര്യത്തില്‍ സമ്മേളനം തുടര്‍ന്നാല്‍ അത് പ്രചാരണത്തെ ബാധിക്കുമെന്ന് ഭരണപ്രതിപക്ഷ കക്ഷികള്‍ നിലപാടെടുത്തതോടെയാണ് സമ്മേളനം പുനഃക്രമീകരിക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചതോടെ പ്രചാരണപരിപാടികള്‍ ഊര്‍ജിതമാക്കുകയാണ് പാര്‍ട്ടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.