പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ്: വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ
കൊല്ലം പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിലെ വിചാരണ നടപടികൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണ നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് നടപടി.
പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ ഫയൽ ഹാജരാക്കാനും മറുപടി നൽകാനും സർക്കാർ സാവകാശം തേടി. ഒരാഴ്ചയ്ക്കകം ഹർജിയിൽ മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മതിയായ കാരണമില്ലാതെയാണ് പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതെന്നാണ് ഹർജിയിലെ ആരോപണം.
2016 ഏപ്രിൽ 10നാണ് രാജ്യത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തമുണ്ടായത്. കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഔദ്യോഗിക കണക്കുപ്രകാരം 112 പേർ മരിച്ചു. 656 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ഞൂറോളം പേരുടെ പരിക്ക് ഗുരുതരമായിരുന്നു.
ദുരന്തത്തിൽ 358 വീടുകൾക്ക് നാശനഷ്ടമുണ്ടായി. റവന്യൂ അധികൃതരുടെ കണക്കനുസരിച്ച് 2.58 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ദുരന്തം നടന്ന് പത്ത് വർഷം പിന്നിട്ടിട്ടും സ്‌ഫോടനത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.