പാളയം മാവേലി സ്റ്റോറിലെ സാധനങ്ങൾ വില്പന യോഗ്യമല്ലെന്ന് ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ട്; സപ്ലൈകോയ്ക്ക് തിരിച്ചടി
കോഴിക്കോട് പാളയം മാവേലി സ്റ്റോറിൽ ഉണ്ടായിരുന്നെന്ന് പറയുന്ന സാധനങ്ങൾ ഉപയോഗ ശൂന്യമാണെന്ന് ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ട്. പഞ്ചസാര, മുളക്, തുവര പരിപ്പ്, വൻപയർ എന്നീ നാല് സാധനങ്ങളാണ് വിൽപ്പന യോഗ്യമല്ലെന്ന് കണ്ടെത്തിയത്. കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഒൻപതാം തീയതിയാണ് ക്വാളിറ്റി കൺട്രോളർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
പാളയം മാവേലി സ്റ്റോറില്‍ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയതിനെ തുടർന്ന് മാനേജറെ സപ്ലൈകോ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു ഏഴ് സാധനങ്ങൾ സ്റ്റോറിൽ ഉണ്ടായിരുന്നിട്ടും ഇല്ലെന്ന് രേഖപ്പെടുത്തിയെന്നാണ് മന്ത്രി വിഷയത്തിൽ പറഞ്ഞത്. ഏഴിൽ നാലെണ്ണമാണ് ഇപ്പോൾ ഉപയോഗ ശൂന്യമെന്ന് കണ്ടെത്തിയത്. ബാക്കി 3 എണ്ണം ഇല്ല എന്ന് രേഖപ്പെടുത്തിയിട്ടുമില്ല.
കോഴിക്കോട് പാളയം മാവേലി സ്റ്റോര്‍ മാനേജര്‍ കെ നിതിനാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റോറില്‍ ചില സാധനങ്ങള്‍ ഇല്ല എന്ന് ബോര്‍ഡില്‍ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയില്‍ പരിശോധന നടത്തിയപ്പോള്‍ ഇല്ല എന്ന് പറഞ്ഞ സാധനങ്ങള്‍ കണ്ടെത്തി. ഉളള സാധനങ്ങള്‍ ഇല്ല എന്ന് പറഞ്ഞുവെന്ന് സപ്ലൈകോയുടെ റീജ്യണല്‍ മാനേജര്‍ ഇറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
എന്നാല്‍ പൂപ്പല്‍ പിടിച്ച സാധനങ്ങളാണ് അന്വേഷണസംഘം അവിടെ കണ്ടെത്തിയതെന്നാണ് സപ്ലൈകോ മാനേജര്‍ പറയുന്നത്. കണ്ടെത്തിയ സാധനങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രമേ ഉണ്ടായിരുന്നുളളു. സപ്ലൈകോയെ അപമാനിക്കുന്നതിന് വേണ്ടിയല്ല. ആളുകള്‍ക്ക് ഏതെല്ലാം സാധനം ഡിപ്പോയില്‍ ലഭിക്കുമെന്ന് അറിയിക്കാനും, ഇല്ലാത്ത സാധനം വാങ്ങാന്‍ ആളുകള്‍ വരി നില്‍ക്കാതിരിക്കാനുമാണ് ബോര്‍ഡ് വെച്ചതെന്നും മാനേജര്‍ വിശദമാക്കിയിരുന്നു. എന്നാല്‍ ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കുകയായിരുന്നു.